വജ്രജൂബിലി നിറവിൽ ദേവമാതാ കോളജ് കുറവിലങ്ങാട്

പതിനായിരങ്ങൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിച്ച ദേവമാതാ കോളജ്   വജ്രജൂബിലി നിറവിൽ . ഒരുവർഷം നീണ്ടുനിൽക്കന്ന ജൂബിലി ആഘോഷങ്ങൾക്കാണ് ദേവമാതാ ഒരുക്കങ്ങൾ നടത്തുന്നത്.   

ആഘോഷങ്ങളുടെ ഭാഗമായി 60 ഇന കർമ്മപരിപാടികളാണ് ദേവമാതാ ലക്ഷ്യമിടുന്നത്. വജ്രജൂബിലി സ്മാരക പ്രഭാഷണ പരമ്പര, പൂർവവിദ്യാർത്ഥി സംരഭക സമ്മേളനം, ജൂബിലി സംഗീതസഭ, മെഗാ ജോബ് ഫെയർ, മെഗാ ശാസ്ത്രപ്രദർശനം, പഞ്ചായത്തുതലത്തിൽ സാമ്പത്തിക സാക്ഷരതായജ്ഞം, ടൂറിസം മാപ്പിംഗ്, സീറോ വെയ്‌സ്റ്റ് ക്യാമ്പസ്, കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പദ്ധതികൾ ജൂബിലി വർഷത്തിൽ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ട്. 

നാടിന് ഉന്നതവിദ്യാഭ്യാസത്തിന് അവസരം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ കുറവിലങ്ങാട് ഇടവക നടത്തിയ പരിശ്രമങ്ങളിലൂടെയാണ് ദേവമാതാ കോളജ് വളർച്ചയുടെ വിവിധ പടവുകൾ പിന്നിട്ട് അറുപതിലെത്തിയത്. പാലാ രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിന്റെ അനുമതിയോടെ  മർത്ത്മറിയം തീർത്ഥാടന ഇടവക വികാരിയായിരുന്ന ഫാ. പോൾ ആലപ്പാട്ടിന്റെ നേതൃത്വത്തിലാണ് കോളജ് ആരംഭിക്കുന്നത്. 1964 ജൂലൈ ഏഴിന് പ്രീഡിഗ്രി ഒന്ന്, രണ്ട്, മൂന്ന് ഗ്രൂപ്പുകളോടെ കോളജ് പ്രവർത്തനം ആരംഭിച്ചു. റവ.ഡോ. എൻ.എ തോമസ് നങ്ങിച്ചിവീട്ടിലായിരുന്നു ആദ്യ പ്രിൻസിപ്പൽ. ഗ്രാമീണ യുവത്വത്തിന് ഉന്നത വിദ്യാഭ്യാസത്തിന് അവസരം സമ്മാനിക്കുന്ന കോളജിൽ ഇന്ന് 12 ബിരുദപ്രോഗ്രാമുകളും ഒൻപത് ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുമുണ്ട്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളുടെ ഗവേഷണസാധ്യത ഒട്ടേറെപ്പേർക്ക് നേട്ടമാകുന്നു. 

കേരള, എം.ജി സർവകലാശാലകളിലെ ഒന്നാം റാങ്കുകളടക്കം ദേവമാതായിലേക്ക് കഴിഞ്ഞ പതിറ്റാണ്ടുകളിലൂടെ നിരവധി റാങ്കുകൾ വിരുന്നെത്തിയിട്ടുണ്ട്. കായികമികവറിയിച്ചും നേട്ടങ്ങൾ വാരിക്കൂട്ടാൻ ദേവമാതായിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. അന്തർ സർവകലാശാല, കോളജ് തല മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കോളജിന് കഴിഞ്ഞിട്ടുണ്ട്. എൻഎസ്എസ്, എൻസിസി എന്നിവയിലൂടെ സർവകലാശാലതലത്തിലും സംസ്ഥാനതലത്തിലും മികവിന്റെ ഒന്നാംസ്ഥാനങ്ങൾ പലകുറി ദേവമാതായിലേക്ക് എത്തിയിട്ടുണ്ട്. ഭരണ, പൊതുരംഗങ്ങളിലും വിദേശങ്ങളിലുമടക്കം ഉന്നതനിലയിൽ പ്രശോഭിക്കുന്ന അനേകർ ദേവമാതായുടെ പൂർവവിദ്യാർത്ഥികളാണ്.  

ഗ്രാമീണ അന്തരീക്ഷത്തിലെ മികച്ച പഠന സൗകര്യങ്ങൾ ദേവമാതായുടെ പ്രത്യേകതയാണ്. സ്മാർട്ട് ക്ലാസ്മുറികൾ, ഗവേഷണസാധ്യതയേറെയുള്ള ലാബുകൾ, ഡിജിറ്റൽ ലൈബ്രറി എന്നിവ ദേവമാതായിലെത്തുന്നവർക്കുള്ള നേട്ടമാണ്. കോളജിലെ കരിയർ പ്ലെയ്‌സ്‌മെന്റ് സെല്ലിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് പൊതുമേഖല, ബാങ്കിംഗ്, സ്വകാര്യ മേഖലകളിൽ സേവനം നൽകുന്നത്. 

മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ദേവമാതായുടെ മുന്നേറ്റം.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....