എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജിലെ ബി. കോം ബാങ്കിംഗ് ആൻ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റും സെന്റ് അലോഷ്യസ് കോളേജ് കമ്യൂണിറ്റി ഔട്ട് റീച്ച് ഫോർ സെൽഫ് ഫിനാൻസിംങ് പ്രോഗ്രാമും സംയുക്തമായി എൽത്തുരുത്ത് കരിമ്പനത്താഴം കോളനിയിലെ നിർധനരായ 20 കുടുംബങ്ങൾക്ക് ക്രിസ്തുമസ് കിറ്റുകൾ വിതരണം ചെയ്തു. ബാങ്കിംഗ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള "എ ഡിസംബർ ടു റിമംബർ" എന്ന പരിപാടിയുടെ ഭാഗമായാണ് ഒന്ന്, രണ്ട്, മൂന്ന് വർഷ ബാങ്കിംഗ് ബിരുദ വിദ്യാർത്ഥികളും അധ്യാപകരും കോളേജ് മാനേജ്മെന്റും കരിമ്പനത്താഴം കോളനിയിൽ ഈ വർഷം എത്തിച്ചേർന്നത്.
തൃശ്ശൂർ കോർപ്പറേഷൻ 45-ആം ഡിവിഷൻ കൗൺസിലർ ശ്രീമതി ലാലി ജെയിംസ് സ്വാഗതം ആശംസിച്ച ചടങ്ങിന്റെ ഉദ്ഘാടന കർമ്മം സെന്റ് അലോഷ്യസ് കോളേജ് മാനേജർ റവ. ഫാദർ തോമസ് ചക്രമാക്കൽ സി എം ഐ നിർവഹിച്ചു. തുടർന്ന് അദ്ദേഹം കോളനി നിവാസികളെ അഭിസംബോധന ചെയ്ത് ക്രിസ്തുമസ് സന്ദേശം അറിയിച്ചു. ശേഷം, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ചാക്കോ ജോസ് പി, കോളേജ് ബർസാർ ഫാദർ അരുൺ ജോസ് കെ സി എം ഐ , സെൽഫ് ഫിനാൻസിംഗ് പ്രോഗ്രാം ഡയറക്ടർ ഡോ. ടി കെ പയസ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു. തുടർന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗ്യശാലിക്ക് പ്രത്യേക ക്രിസ്തുമസ് സമ്മാനം കൈമാറി. കോളനി നിവാസികളെ പ്രതിനിധീകരിച്ച് ശ്രീമതി സുമ വിദ്യാർത്ഥികളുടെ സേവനമനോഭാവത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഡിപ്പാർട്ട്മെൻറ് കോർഡിനേറ്റർ മിസ്സ് ശില്പ ജോഷി സി ഔദ്യോഗികമായി നന്ദി പ്രകാശനം ചെയ്തു. ഡിപ്പാർട്ട്മെൻറ് സ്റ്റാഫ് അംഗങ്ങളായ ആതിര പി എസ്, ആൻസി ജയ്സൺ, നവ്യ പോളി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.അലോഷ്യസ് കോളേജ് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒരേ മനസ്സോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....