ജീവിതാവസാനം വരെ മുറുകെ പിടിക്കേണ്ടത് മൂല്യങ്ങൾ: വിൻസെൻ എം പോൾ ഐ പി. എസ്.


നമുക്കു ലഭിക്കുന്ന ബിരുദങ്ങളോ ബഹുമതിയോ അല്ല, ജീവിതാവസാനം വരെ മുറുകെ പിടിക്കേണ്ടത് നമ്മുടെ മൂല്യങ്ങളാണെന്ന് കേരളാ പോലീസ് മുൻ മേധാവി വിൻസൻ പോൾ ഐപിഎസ്. 

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ നടന്ന  ബിരുദദാനചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ നമ്മുടെ വിശ്വസ്തതയും നിലപാടും സത്യസന്ധതയും ഒക്കെ ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭങ്ങൾ ഉണ്ടായേക്കാം. പതറാതെ കാത്തിരുന്നാൽ സത്യം വിജയിക്കുന്നതു കാണാനാവും. നമ്മുടെ വ്യക്തിത്വം അടിയറവ് വയ്ക്കാതെ നിൽക്കാനാവുക എന്നതു വളരെ പ്രധാനമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തോൽവികൾ വിജയത്തിൻ്റെ അനേകം സാധ്യതകളെ തുറന്നു തരുന്നു. പരാജയത്തിൽ മനസു മടുക്കാതെ, ജീവിത മൂല്യങ്ങളെ മുറുകെപ്പിടിക്കാൻ നമ്മൾക്കാവണം. മറ്റുള്ളവരുടെ വാക്കുകളല്ല, നമ്മുടെ ശരിയായ ബോധ്യങ്ങളാവണം നമ്മുടെ ഭാവി നിർണയിക്കേണ്ടത്. സ്വന്തം ജീവിതാനുഭവങ്ങളിലൂടെ അദ്ദേഹംപങ്കു വച്ച ചിന്തകൾ സദസിന് ആകർഷകമായി. നാനൂറോളം വിദ്യാര്‍ത്ഥിനികളും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, വൈസ് പ്രിന്‍സിപ്പൽമാരായ ഡോ. സിസ്റ്റര്‍ എൈലസ, ഡോ. സിസ്റ്റര്‍ ഫ്ളവററ്റ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.