ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിൽ സൗജന്യ ഉപരിപഠന സെമിനാർ 2024 സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജും തൃശൂർ ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വൊക്കേഷണൽ ഗൈഡൻസ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ' സൗജന്യ ഉപരിപഠനസെമിനാർ 2024 '  മെയ് 12 ഞായറാഴ്ച്ച 9.30 മുതൽ 12.30 വരെ പത്മഭൂഷൺ ഫാദർ ഗബ്രിയേൽ സെമിനാർ ഹാളിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷപദം അലങ്കരിച്ച സെമിനാറിൽ പ്രശസ്ത കരിയർ വിദഗ്ദ്ധനായ ശ്രീ ജോമി പി.എൽ ആണ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചത്. മികച്ച തൊഴിൽ മേഖലയിൽ എത്തിപ്പെടാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. 


തൊഴിൽ സാധ്യതകൾ നൽകുന്ന കോഴ്സുകൾ, സർക്കാർ അംഗീകൃതമായ സ്ഥാപനങ്ങൾ, കോഴ്സുകളുടെ അംഗീകാരം തുടങ്ങിയവയെ സംബന്ധിച്ച് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള സംശയങ്ങളും ആശങ്കകളും സെമിനാറിൽ ദുരീകരിക്കാൻ കഴിഞ്ഞു.  എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ് ടു, ബിരുദം എന്നീ തലങ്ങളിലുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകളും സൗജന്യമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കാളികളായിരുന്നു. തൃശൂർജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയ്മെൻറ് ഓഫീസറായ ഷാജു ലോനപ്പൻ, കോളേജിലെ ഗണിത ശാസ്ത്ര വിഭാഗം അധ്യാപിക സിസ്റ്റർ ക്ലെയർ, എന്നിവർ സെമിനാറിൽ സന്നിഹിതരായിരുന്നു.