ഇരിങ്ങാലക്കുട: ഉദ്യോഗാർത്ഥികൾക്ക് വൈവിധ്യമേറിയ തൊഴിലവസരങ്ങൾ ഒരുക്കിക്കൊണ്ട് ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് (ഓട്ടോണമസ് )കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ചു കൊണ്ട് പ്ലേസ്മെൻ്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
കേരളത്തിലെ ബിരുദ ബിരുദാനന്തരധാരികളായ ഉദ്യോഗാർത്ഥികൾക്കായി മെയ് 18 ശനിയാഴ്ച്ച രാവിലെ 8.30 മുതൽ വൈകീട്ട് 3.30 വരെ നടക്കുന്ന പ്ലേസ്മെൻ്റ് ഡ്രൈവ് ഉന്നതവിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന പ്രസ്തുത പരിപാടിയിൽ ഐ ടി, ബാങ്കിംഗ്, ഫിനാൻസ്, ബയോമെഡിക്കൽ, ഓട്ടോമൊബൈൽ, ടെക്സ്റ്റയിൽ, ജ്വല്ലറി, എഡ്യു ടെക് തുടങ്ങി വിവിധ മേഖലകളിലുള്ള ഇരുപത്തഞ്ചോളം പ്രശസ്ത സ്ഥാപനങ്ങൾ പങ്കാളികളാകും. ഉദ്യോഗാർത്ഥികൾ DWMS രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്കും അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവും കോളേജിൽ ഒരുക്കിയിട്ടുണ്ട്. 2023 ജൂണിൽ കോളേജിൽ നടന്ന പ്ലേസ്മെൻ്റ് ഡ്രൈവിൽ 3000 ഉദ്യോഗാർത്ഥികൾ പങ്കെടുക്കുകയും അതിൽ അഞ്ഞൂറിലധികം പേർക്ക് തൊഴിൽ ലഭ്യമാവുകയും ചെയ്ത സാഹചര്യത്തിൽ തൊഴിലന്വേഷകർക്ക് ഈ അവസരം വലിയ മുതൽക്കൂട്ടാകുമെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി പത്ര സമ്മേളനത്തിൽ അറിയിച്ചു.കേരള നോളജ് ഇക്കോണമി മിഷൻ ടാലൻ്റ് ക്യുറേഷൻ എക്സിക്യൂട്ടീവുമാരായ സുമേഷ് കെ.ബി, അനിത വി.ആർ., ഷാഹിദ് പി.എം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു.