ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ 'മീറ്റ് ആക്സഞ്ചർ ഇവന്റ്'|


2024 -25 അദ്ധ്യയനവർഷത്തെ പ്ലേസ്മെന്റ്  പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ ഐ ടി  കൺസൾട്ടൻസി സ്ഥാപനമായ ആക്സഞ്ചർ ഇന്ത്യ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് )ൽ 'മീറ്റ് ആക്സഞ്ചർ ഇവന്റ്' പരിപാടി സംഘടിപ്പിച്ചു.


 കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ജോളി ആൻഡ്രൂസ് സിഎംഐ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആക്സഞ്ചർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഭാസ്ക്കർ ലക്ഷ്മയ്യ കമ്പനിയുടെ സേവനമേഖലകൾ,ഇന്ത്യയിലെ ഓഫീസുകൾ, പ്രവർത്തനശൈലി, തൊഴിൽ സംസ്കാരം, പരിശീലന പദ്ധതികൾ എന്നിവയെക്കുറിച്ച് സംസാരിച്ചു. കമ്പനിയുടെ എച്ച്. ആർ. പ്രതിനിധി ജാക്സൺ പ്രഭാകരൻ ഈ വർഷത്തെ പ്ലേസ്മെന്റ് പ്രക്രിയകളുടെ സവിശേഷതകൾ, വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യത മാനദണ്ഡങ്ങൾ എന്നിവ വിശദീകരിച്ചു. ക്രൈസ്റ്റിലെ പൂർവ്വ വിദ്യാർത്ഥിനിയും ആക്സഞ്ചർ ഉദ്യോഗസ്ഥയുമായ ആൻ തെരേസ ആന്റോ ആക്സഞ്ചറിലെ ജോലി അനുഭവം പങ്കുവെച്ചു. കോളേജിലെ പ്ലേസ്മെന്റ് സെല്ലിനെ പ്രതിനിധീകരിച്ച്  സീനിയർ  സ്റ്റുഡൻസ് പ്ലേസ്മെന്റ് കോഡിനേറ്ററും അവസാന വർഷ ബി ബി എ വിദ്യാർത്ഥിനിയുമായ ടി എച്ച് ആരതി കഴിഞ്ഞ വർഷങ്ങളിലെ ക്രൈസ്റ്റിൽ നിന്നുള്ള ആക്സഞ്ചർ പ്ലേസ്മെന്റ്കളുടെ   സ്ഥിതിവിവര കണക്കുകളും പരിശീലന പരിപാടികളും വിശദീകരിച്ചു.  തുടർന്ന് ക്യാമ്പസിലെ ട്രെയിനിങ് സെന്റർ, കമ്പ്യൂട്ടർ ലാബുകൾ എന്നിവ സന്ദർശിച്ച ആക്സഞ്ചർ സംഘം കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലന പരിപാടികൾ എന്നിവ വിലയിരുത്തി തൃപ്തി രേഖപ്പെടുത്തി.


 ആക്സഞ്ചർ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികളിൽ പ്ലേസ്മെന്റുകൾക്കായി ഒന്നാംവർഷ ബിരുദം മുതൽ തന്നെ ആപ്റ്റിറ്റ്യുഡ് ട്രെയിനിങ്, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ പരിശീലനം തുടങ്ങി വിപുലമായ പരിശീലന പരിപാടികൾ കോളേജ് പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.