NIRF റാങ്കിംഗിൽ മികവിൻ്റെ പൊൻതൂവലുമായി ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ്


ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് (ഓട്ടോണമസ് )കോളജിന് ദേശീയതല കലാലയ റാങ്കിംഗിൽ മികവിൻ്റെ തിളക്കം. ഇന്ത്യയിലെ കലാലയങ്ങളുടെ വിവിധ മേഖലകളിലെ  മികവിൻ്റെ അടിസ്ഥാനത്തിൽ  നിർഫ് ( National institutional Ranking Framework )നടത്തുന്ന റാങ്കിംഗിൽ എൺപത്തഞ്ചാം റാങ്കോടെയാണ് സെൻ്റ് ജോസഫ്‌സ് മിന്നും നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ പതിനായിരത്തി എണ്ണൂറിലധികം കലാലയങ്ങൾ മാറ്റുരയ്ക്കപ്പെട്ടതിൽ നിന്ന് ആദ്യ നൂറു സ്ഥാനങ്ങളിൽ ഉൾപ്പെട്ട കേരളത്തിലെ പതിനാറ് കോളജുകളിലൊന്നാണിത് എന്നത് അഭിമാന നേട്ടമാണെന്ന് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പറഞ്ഞു. 

വിവിധവും സമഗ്രവുമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ എണ്ണം, ഡോക്ടറേറ്റ് ഉള്ള അധ്യാപകർ, ഗവേഷണ പ്രബന്ധങ്ങളും ഗവേഷണ പ്രസിദ്ധീകരണങ്ങളും,

ബിരുദകാലയളവിന് ശേഷമുള്ള വിദ്യാർത്ഥികളുടെ  പഠനപുരോഗതി, ലഭിച്ച തൊഴിലവസരങ്ങൾ,

അധ്യാപകരുടെ ഗവേഷണ പരിചയം, പരീക്ഷകളിലെ  മികച്ച ഫലം,ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയിടുള്ള സൗകര്യങ്ങൾ, അക്കാദമിക് വിദഗ്‌ധർ കോളജിനു നൽകുന്ന മാർക്ക്  തുടങ്ങിയവയാണ് അതതു വർഷത്തെ ഗ്രേഡിങ്ങിനു പരിഗണിക്കുന്ന മാനദണ്ഡങ്ങൾ.

കഴിഞ്ഞ അറുപതു വർഷങ്ങളായി ഉന്നത വിദ്യാഭ്യാസ രംഗത്ത് തലപ്പൊക്കത്തോടെ നിൽക്കുന്ന സെൻ്റ് ജോസഫ്‌സ്  കോളജിന് അക്കാദമിക് നിലവാരത്തിൽ വിട്ടുവീഴ്ച്ചയില്ല. ഇവിടുത്തെ അധ്യാപകർ അന്തർദേശീയ - ദേശീയ അക്കാദമിക് ജേർണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പ്രസാധനം ചെയ്ത പുസ്തകങ്ങളും സെമിനാറുകളും മികവിൻ്റെ മുതൽക്കൂട്ടായി.

     ദേശീയതലത്തിൽ മികച്ചു നിൽക്കുന്ന സ്ഥാപനങ്ങളിലേക്ക് അവസാനവർഷ ബിരുദവിദ്യാർത്ഥിനികൾക്കു ക്യാംപസ് ഇൻ്റർവ്യൂ വഴി കിട്ടിയ തൊഴിലവസരങ്ങളും  ഐഡിയാത്തോൺ, എക്സിബിഷനുകൾ, വിവിധ സെമിനാറുകൾ എന്നിവയും സെൻ്റ് ജോസഫ്സിൻ്റെ വിജയ വഴികളിലെ നാഴികക്കല്ലുകളായി.

പരീക്ഷകൾ സമയബന്ധിതമായി നടത്തുകയും പത്തു ദിവസങ്ങൾക്കകം ഫലപ്രഖ്യാപനം നടത്തുകയും ചെയ്യുന്നതിൽ കോളജ് മാതൃകയാണ്. കലാരംഗത്തും കായിക രംഗത്തും മികവിൻ്റെ പുതു ഗാഥകൾ രചിച്ചു മുന്നേറുന്ന കോളജിന് പുത്തനുണർവ്വു  പകരുന്നതായി ഈ നേട്ടം.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....